Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിക്കാണ് (63) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുമതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തുറവൂർ: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. പട്ടണക്കാട് തെക്കേ കൈതക്കാട്ട് ജോണിന്റെ മകൻ ലിജോ (26) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ സിജോ (28)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കുത്തിയതോട് കോടംതുരുത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ഇരുവരും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
ജോലിക്കു പോകുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം തെറ്റി സ്കൂട്ടർ മറിയുകയും സഹയാത്രികനായ ലിജോ ബസിനടിയിൽപ്പെടുകയുമായിരുന്നു. ലിജോയെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: സൂനമ്മ.
സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിന് കാവിൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. വചനപ്രഘോഷകൻ ഫാ. സജി തെക്കേ കൈതക്കാട്ട് സിഎംഐയുടെ സഹോദരപുത്രനാണ് ലിജോ.
Kerala
തിരുവനന്തപുരം: ചിക്കിംഗുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി വെള്ളിയാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.
ക്യൂആർ കോഡ് സ്കാൻചെയ്താണ് യാത്രക്കാർ ഭക്ഷണത്തിന് ഓർഡർ നൽകേണ്ടത്. ആദ്യഘട്ടമായി അഞ്ച് ബസുകളിൽ ( വോൾവോ, എയർ കണ്ടീഷൻ) പദ്ധതി നടപ്പാക്കും. തുടർന്നാവും മറ്റുബസുകളിൽ പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ, യാത്രക്കാർക്ക് ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കടകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ബസിനുള്ളിൽ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ഇൻസെന്റീവായി ലഭിക്കുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: വൈക്കം വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
District News
കാഞ്ഞിരപ്പള്ളി: രോഗിയുമായി എത്തിയ കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിന് മുന്പിൽ കുടുങ്ങി. കുമളിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസാണ് ദേശീയപാതയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരനായ കുമളി സ്വദേശി പുതുപ്പറന്പിൽ പ്രസാദിന് (52) കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ ഫിക്സ് ഉണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്. ദേശീയപാതയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് തിരിഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് കവാടത്തിന്റെ സമീപത്തെ തിട്ടയിൽ ബസ് കുടുങ്ങിയത്.
തുടർന്ന് രോഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ബസ് കുടുങ്ങിയതിനെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കാഞ്ഞിപ്പള്ളി ഫയർ ഫോഴ്സ് എത്തിയാണ് ബസ് മാറ്റിയത്.
ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ റോഡ് നിര്‍മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഒരുവർഷം മുന്‍പ് ഫയർഫോഴ്സിന്റെ ബസും ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുടുങ്ങിയിരുന്നു.
Kerala
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ മകനും. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിന്റെ മകൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അർജിത്തിന്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിന്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.
മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Kerala
കോട്ടയം: കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കർണാടകയിലായിരുന്നു ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പോലീസിനു കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പോലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
Kerala
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്.
തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പറക്കുംതളികയെന്ന സിനിമ പ്രദർശിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ യാത്രക്കാരിൽ ചിലര്‍ അതിനെ അനുകൂലിച്ചു. തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നു.
അതേസമയം യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.
Kerala
തൃശൂര്‍: ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലിൽ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിൻചക്രം അഭിജിത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒന്നരമണിക്കൂറോളം മൃതദേഹം റോഡിൽ തന്നെ കിടന്നു.
Kerala
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു.കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്.
ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ടിക്കറ്റ് വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിലെ 9.41 കോടിയും നവംബർ 24ന് നേടിയ 9.29 കോടിയുമാണ് ഇതിന് മുമ്പുള്ള മികച്ച വരുമാനം.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ചാണ് സംഭവം. മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.
Kerala
പത്തനംതിട്ട: അയ്യപ്പഭക്തരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശബരിമല പാതയിൽ അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തീർഥാടകരുമായി വന്ന ബസിലാണ് തീപിടിച്ചത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു. ടയർപൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അന്വേഷണം ആരംഭിച്ചെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
Kerala
ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം.
ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു.
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
മലപ്പുറം: തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കോഴിക്കോട് നിന്ന് പൊൻകുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.